Wednesday, February 9, 2011

ജില്ലാ വാര്‍ഷികം ഫെബ്രു. 12,13 മാവേലിക്കരയില്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷികം 2011 ഫെബ്രുവരി 12, 13 തീയതികളില്‍ മാവേലിക്കര ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ വച്ച് നടക്കും. രാവിലെ 9 ന് പ്രശസ്ത എഴുത്തുകാരിയും ഗവേഷകയുമായ ജെ. ദേവിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

Saturday, February 5, 2011

മനസ്സുകളെ കീഴടക്കി 'പെണ്‍പിറവി' നാടകയാത്ര




'പെണ്‍പിറവി' ഫെബ്രുവരി 1-നു് പടനിലത്ത് അവതരിപ്പിച്ചു
അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ശതാബ്ദിആഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന നാടകയാത്ര 'പെണ്‍പിറവി' 2010 ഫെബ്രുവരി 1-ന് പടനിലത്ത് എത്തിച്ചേര്‍ന്നു. ജനുവരി 15 ന് എത്തിച്ചേരേണ്ട നാടകയാത്ര ശബരിമല ദുരന്ത ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 1-ലേയ്ക്ക് മാറ്റുകയായിരുന്നു. വൈകിട്ട് 6 ന് പടനിലം ക്ഷേത്രമൈതാനത്തെ തുറന്ന വേദിയില്‍ നാടകം അവതരിപ്പിച്ചു.
'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് പോരാടുക' എന്ന സന്ദേശം ഉയര്‍ത്തിയാണ്, ജനുവരി 7 ന് ആരംഭിച്ച നാടകയാത്ര സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തിയത്. സ്ത്രീസമൂഹത്തിനുമേല്‍ നൂറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന അടിമത്തബോധത്തിനെതിരെ ഉയരുന്ന ശക്തമായ ചാട്ടുളിയായി മാറുകയായിരുന്നു പെണ്‍പിറവി നാടകം. ഒരു പെണ്‍ശിശുവിന്റെ ആശങ്കകളും ആവലാതികളും അമ്മയോട് ഗര്‍ഭാവസ്ഥയില്‍ പങ്കുവച്ചുകൊണ്ട് വളരുന്ന നാടകം വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണ ശൈലികൊണ്ടും കേരളത്തില്‍ ചര്‍ച്ചയായിത്തീര്‍ന്നു
വനിതകളുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. 10 കലാകാരികളും 5 കലാകാരന്മാരും അങ്ങുന്നതായിരുന്നു നാടക സംഘം. ആലപ്പുഴ കുട്ടനാട് സ്വദേശിയായ ആന്‍സി ദേവസ്യയായിരുന്നു ജാഥാ ക്യാപ്ടന്‍.
ആന്‍സി, ക്യാപ്ടന്‍
കെ. പി. ശ്രീജ, സജിത മഠത്തില്‍, എന്‍. വേണുഗോപാല്‍ എന്നിവരാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എം. എം. സചീന്ദ്രന്റെ ഗാനങ്ങള്‍ക്ക് കോട്ടക്കല്‍ മുരളി ഈണം നല്‍കിയിരിക്കുന്നു. സാംകുട്ടി പട്ടംകരിയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
നാടകയാത്രയെ സ്വീകരിക്കാന്‍ നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാരാജു ചെയര്‍പേഴ്സനും വി. ഉണ്ണികൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു. പരിഷത്ത് പ്രവര്‍ത്തകരും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളുമടങ്ങിയ വന്‍ ജനാവലിയാണ് നാടകത്തെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നത്. ഹൃദയത്തില്‍ പതിഞ്ഞ അവതരണം എന്നാണ് നാടകത്തെപറ്റി ആസ്വാദകര്‍ അഭിപ്രായപ്പെട്ടത്
 
നൂറനാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുസ്തക പ്രചാരണത്തിലൂടെയാണ് സാമ്പത്തികം കണ്ടെത്തിയത്. യൂണിറ്റ് സെക്രട്ടറി ബായി കൃഷ്ണന്‍, പ്രസിഡന്റ് അനിതാമണി, ഭാരവാഹികളായ രാഖി, മഞ്ജുഷ, അഖിലേഷ്, ഗിരീഷ്റാവു, മേഖല, ജില്ലാ ഭാരവാഹിതള്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.